ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടു. സൈനിക മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ)ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. മരിച്ചവരിൽ ക്യാപ്റ്റനും ഉൾപ്പെടുന്നു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കുറം ഗോത്ര ജില്ലയിലെ സുൽത്താനി പ്രദേശത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ ഏഴ് ഭീകരർ കൊല്ലപ്പെട്ടു.
പ്രദേശത്തുകൂടി കടന്നുപോവുകയായിരുന്ന സൈനികർക്ക് നേരെ ഭീകരർ ആദ്യം വെടിയുതിർത്തു. ഇതിനിടെയാണ് ഐഇഡി പൊട്ടിത്തെറിച്ചത്. പ്രദേശം സുരക്ഷാ സേന വളഞ്ഞു.